Month: മെയ് 2019

ധൈര്യത്തിനുള്ള ആഹ്വാനം

ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ പദര്‍ശിപ്പിച്ചിരിക്കുന്ന പുരുഷ പ്രതിമകള്‍ക്കിടയില്‍ (നെല്‍സണ്‍ മണ്ടേല, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മഹാത്മാഗാന്ധി, മറ്റുള്ളവര്‍) ഒരു വനിതയുടെ ഒറ്റപ്പെട്ട ഒരു പ്രതിമയുണ്ട്. ആ ഏകാന്ത വനിത മില്ലിസെന്റ് ഫോസെറ്റ് ആണ് - സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പോരാടിയ വനിത. പിത്തളയില്‍ നിര്‍മ്മിച്ച പ്രതിമയുടെ കൈയ്യില്‍ ഒരു കൊടിയുണ്ട്. അതിലെഴുതിയിരിക്കുന്നത്, തനിക്കൊപ്പം പോരാടിയ മറ്റൊരു വനിതയെ ആദരിച്ചു പറഞ്ഞ വാചകമാണ്: 'ധൈര്യം ആവശ്യപ്പെടുന്നത് എല്ലായിടത്തും ധൈര്യം കാണിക്കാനാണ്.'' ഒരു വ്യക്തിയുടെ ധൈര്യം മറ്റുള്ളവരെയും ധൈര്യപ്പെടുത്തണം - ഭയമുള്ളവരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതാകണം എന്നു ഫോസെറ്റ് നിര്‍ബന്ധിച്ചു.

ദാവീദ് തന്റെ സിംഹാസനം മകനായ ശലോമോനു കൈമാറാന്‍ ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍, അവന്റെ തോളില്‍ വരാന്‍ പോകുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചു അവന്‍ വിശദീകരിച്ചു. താന്‍ ചുമക്കുന്ന ഭാരത്തിനു മുമ്പില്‍ അവന്‍ വിറയ്ക്കുമെന്നുറപ്പായിരുന്നു: ദൈവത്തിന്റെ പ്രമാണങ്ങള്‍ എല്ലാം അനുസരിക്കാന്‍ യിസ്രായേലിനെ നയിക്കുക, ദൈവം അവര്‍ക്ക് നല്‍കിയ ദേശം പരിപാലിക്കുക, ദൈവാലയ നിര്‍മ്മിതിക്കു മേല്‍നോട്ടം വഹിക്കുക (1 ദിനവൃത്താന്തങ്ങള്‍ 28:8-10).

ശലോമോന്റെ വിറയ്ക്കുന്ന ഹൃദയം മനസ്സിലാക്കി ദാവീദ് തന്റെ മകന് ശക്തമായ വചനങ്ങള്‍ നല്‍കി. 'ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്'' (വാ. 20). യഥാര്‍ത്ഥ ധൈര്യം ശലോമോന്റെ സ്വന്തം വൈദഗ്ധ്യത്തില്‍ നിന്നോ ആത്മവിശ്വാസത്തില്‍ നിന്നോ വരുന്നതല്ല, മറിച്ച് ദൈവത്തിന്റെ സാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുന്നതില്‍ നിന്നു വരുന്നതാണ്. ശലോമോന് ആവശ്യമായ ധൈര്യം ദൈവം നല്‍കി.

നാം പ്രതിസന്ധികളെ നേരിടുമ്പോള്‍, നാം പലപ്പോഴും സ്വയം ധൈര്യം സംഭരിക്കാനോ അല്ലെങ്കില്‍ ശൂരത്വം ഉള്ളവരാകാന്‍ നമ്മോട് തന്നെ സംസാരിക്കാനോ ശ്രമിക്കാറുണ്ട്. എന്നാല്‍, ദൈവമാണ് നമ്മുടെ വിശ്വാസത്തെ പുതുക്കുന്നത്. അവന്‍ നമ്മോട് കൂടെയിരിക്കും. അവന്റെ സാന്നിധ്യം ധൈര്യപ്പെടുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

ബന്ധിതനെങ്കിലും നിശബ്ദനല്ല

1963 വേനല്‍ക്കാലത്ത്, രാത്രി മുഴുവനും നീണ്ട ബസ് യാത്രയ്ക്കുശേഷം പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമറും മറ്റ് ആറ് കറുത്ത വര്‍ഗ്ഗക്കാരായ യാത്രക്കാരും ഭക്ഷണം കഴിക്കാനായി മിസ്സിസിപ്പിയിലെ വിനോനയിലുള്ള ഒരു ഭക്ഷണശാലയിലേക്കു കയറി. പോലീസുകാര്‍ അവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ശേഷം അവരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്നാല്‍ നിയമരഹിത അറസ്‌റ്റോടു കൂടി അപമാനിക്കല്‍ അവസാനിച്ചില്ല. എല്ലാവരെയും കഠിനമായി തല്ലി. ഫാനിയെയാണ് കൂടുതല്‍ തല്ലിയത്. മരണത്തിന്റെ വക്കോളമെത്തിയ ക്രൂര മര്‍ദ്ദനം അവസാനിച്ചപ്പോള്‍ അവള്‍ പാടി: 'പൗലൊസും ശീലാസും ജയിലിലടക്കപ്പെട്ടു, എന്റെ ജനത്തെ വിട്ടയ്ക്ക.'' അവള്‍ ഒറ്റയ്ക്കല്ല പാടിയത്. മറ്റ് തടവുകാരും - ശരീരം കൊണ്ടു ബന്ധിതരെങ്കിലും ആത്മാവില്‍ സ്വാതന്ത്രരായവര്‍ - ആരാധനയില്‍ അവളോടൊപ്പം ചേര്‍ന്നു.

അപ്പൊ. പ്രവൃത്തികള്‍ 16 അനുസരിച്ച്, പൗലൊസും ശീലാസും യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞതിന് തടവിലാക്കപ്പെട്ട് പ്രയാസകരമായ ഒരു സ്ഥലത്തായി. എന്നാല്‍ അസൗകര്യങ്ങള്‍ അവരുടെ വിശ്വാസത്തെ ക്ഷീണിപ്പിച്ചില്ല. 'അര്‍ദ്ധരാത്രിയ്ക്ക് പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു'' (വാ. 25). അവരുടെ ധൈര്യപൂര്‍വ്വമുള്ള ആരാധന യേശുവിനെക്കുറിച്ചു തുടര്‍ന്നും സംസാരിക്കുന്നതിനുള്ള അവസരം അവര്‍ക്ക് നല്‍കി. 'പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു'' (വാ. 32).

നമ്മില്‍ മിക്കവരും പൗലൊസും ശീലാസും അല്ലെങ്കില്‍ ഫാനിയും നേരിട്ടതുപോലെയുള്ള തീവ്രമായ സാഹചര്യങ്ങളെ നേരിട്ടെന്നു വരികയില്ല. പക്ഷേ നാമോരോരുത്തരും അസ്വസ്ഥ ജനകമായ സാഹചര്യങ്ങളെ നേരിടുന്നവരാണ്. അത് സംഭവിക്കുമ്പോള്‍, നമ്മുടെ ശക്തി വരുന്നത് വിശ്വസ്തനായ നമ്മുടെ ദൈവത്തില്‍ നിന്നാണ്. പ്രതിസന്ധിയുടെ നടുവിലും അവനെ മഹത്വപ്പെടുത്തുന്നതും അവനുവേണ്ടി സംസാരിക്കാന്‍ നമുക്ക് ധൈര്യം തരുന്നതുമായ ഒരു പാട്ട് നമ്മുടെ ഹൃദയങ്ങളിലുണ്ടായിരിക്കട്ടെ.

'ദൈവം എന്റെ ജീവന്‍ രക്ഷിച്ചു'

ആരോണിന് (യഥാര്‍ത്ഥ നാമമല്ല) 15 വയസ്സുള്ളപ്പോള്‍, അവന്‍ സാത്താനോടു പ്രാര്‍ത്ഥിക്കാനാരംഭിച്ചു: 'അവനും എനിക്കും തമ്മില്‍ ഒരു പങ്കാളിത്തം ഉള്ളതായി എനിക്കനുഭവപ്പെട്ടു.' ആരോണ്‍ നുണ പറയാനും മോഷ്ടിക്കാനും കുടുംബാംഗങ്ങളെയും സ്‌നേഹിതരെയും ദുരുപയോഗം ചെയ്യാനും തുടങ്ങി, പേടിസ്വപ്‌നങ്ങള്‍ അവന്‍ കാണാന്‍ തുടങ്ങി. 'ഒരു രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ പിശാച് എന്റെ കിടക്കയുടെ തലയ്ക്കല്‍ ഇരിക്കുന്നതായി കണ്ടു. ഞാന്‍ എന്റെ പരീക്ഷകള്‍ വിജയിക്കുമെന്നും തുടര്‍ന്ന് മരിക്കുമെന്നും അവന്‍ എന്നോട് പറഞ്ഞു.'' എങ്കിലും അവന്റെ പരീക്ഷകള്‍ കഴിഞ്ഞിട്ടും അവന്‍ ജീവിച്ചു. 'അവന്‍ നുണയനാണെന്ന് എനിക്ക് വ്യക്തമായി' ആരോണ്‍ പറഞ്ഞു.

പെണ്‍കുട്ടികളെ കാണാമെന്ന പ്രതീക്ഷയില്‍ ഒരു ക്രിസ്തീയ ആഘോഷത്തിന് ആരോണ്‍ പോയി. അവിടെ വച്ച് അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നൊരാള്‍ പറഞ്ഞു. 'അദ്ദേഹം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുബോള്‍ ഒരു സമാധാനം എന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നതായി എനിക്ക് തോന്നി.' സാത്താനില്‍ നിന്ന് അനുഭവിച്ചതിനേക്കാള്‍ 'കൂടുതല്‍ ശക്തിയുള്ളതും കൂടുതല്‍ സ്വന്തന്ത്രമാക്കുന്നതുമായ' ഒന്ന് അവന് അനുഭവപ്പെട്ടു. ദൈവത്തിന് അവനെക്കുറിച്ച് പദ്ധതിയുണ്ടെന്നും സാത്താന്‍ നുണയനാണെന്നും അദ്ദേഹം ആരോണോട് പറഞ്ഞു. ഈ മനുഷ്യന്റെ വാക്കുകള്‍, തന്നെ എതിര്‍ത്തവരോട് സാത്താനെക്കുറിച്ചു യേശു പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു: 'അവന്‍ ഭോഷക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു'' (യോഹന്നാന്‍ 8:44).

ആരോണ്‍ സാത്താന്‍ സേവയില്‍ നിന്നു ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു. ഇപ്പോള്‍ 'ദൈവത്തിന്റെ വക' ആണ് (വാ. 47). ഒരു നഗര വാസികള്‍ക്കിടയില്‍ അവനിപ്പോള്‍ ശുശ്രൂഷിക്കുന്നു; യേശുവിനെ അനുഗമിക്കുന്നതു നല്‍കുന്ന വ്യത്യാസത്തെക്കുറിച്ചു പങ്കുവയ്ക്കുന്നു. ദൈവത്തിന്റെ രക്ഷിപ്പിന്‍ ശക്തിയുടെ ജീവിക്കുന്ന സാക്ഷിയാണദ്ദേഹം: 'ദൈവം എന്റെ ജീവന്‍ രക്ഷിച്ചു എന്നെനിക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും.'

നന്മയും വിശുദ്ധവും സത്യവുമായ എല്ലാറ്റിന്റെയും ഉറവിടമാണ് ദൈവം. സത്യം കണ്ടെത്തുന്നതിനായി അവങ്കലേക്കു തിരിയാന്‍ നമുക്ക് കഴിയും.

എറിയുന്ന കല്ലുകള്‍

തങ്ങളുടെ ജീവിത പങ്കാളികളെ ചതിക്കുന്നവരോട് ഒരു സഹതാപവും ലിസയ്ക്ക് തോന്നിയിരുന്നില്ല... എന്നാല്‍ അവള്‍ തന്നെ വിവാഹജീവിതത്തില്‍ അസംതൃപ്തയാകുകയും അപകടകരമായ ഒരു ആകര്‍ഷണത്തെ പ്രതിരോധിക്കാന്‍ പാടുപെടുകയും ചെയ്യുന്നതുവരെയേ ആ മനോഭാവം നീണ്ടുനിന്നുള്ളു. ആ വേദനാജനകമായ അനുഭവം മറ്റുള്ളവരോട് ഒരു പുതിയ സഹാനുഭൂതി ആര്‍ജ്ജിക്കാനും 'നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ' (യോഹന്നാന്‍ 8:7) എന്ന ക്രിസ്തുവിന്റെ വാക്കുകളെ ആഴത്തില്‍ മനസ്സിലാക്കാനും അവളെ സഹായിച്ചു.

യേശു ദൈവാലയ പ്രാകാരത്തില്‍ ഉപദേശിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ആ പ്രസ്താവന നടത്തിയത്. ഒരു കൂട്ടം ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാര കുറ്റത്തില്‍ പിടിച്ച ഒരു സ്ത്രീയെ വലിച്ചിഴച്ച് യേശുവിന്റെ മുമ്പില്‍ കൊണ്ടുവന്നു: 'ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നു മോശയുടെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്ത് പറയുന്നു?' (വാ.5).
യേശുവിനെ തങ്ങളുടെ അധികാരത്തിനു ഭീഷണിയായി അവര്‍ കണ്ടിരുന്നതിനാല്‍, ഈ ചോദ്യം 'അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിനുള്ള' (വാ.6) കെണിയായിരുന്നു.

എന്നാല്‍ 'നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ'' എന്ന് യേശു മറുപടി പറഞ്ഞപ്പോള്‍ ആ സ്ത്രീയെ കുറ്റം ചുമത്തിയ ഒരാളും കുനിഞ്ഞ് കല്ലെടുത്തില്ല. ഓരോരുത്തരായി അവിടെനിന്നു പോയി.

നാം നമ്മുടെ സ്വന്തം പാപത്തെ ചെറുതായി കാണുകയും മറ്റൊരാളുടെ പെരുമാറ്റത്തെ വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്യുന്നതിന് മുമ്പ്, 'നാം എല്ലാവരും ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു'' (റോമര്‍ 3:23) എന്ന് ഓര്‍ക്കുക. കുറ്റം വിധിക്കുന്നതിനു പകരം, നമ്മുടെ രക്ഷകന്‍ ഈ സ്ത്രീക്ക് - നിങ്ങള്‍ക്കും എനിക്കും - കൃപയും പ്രത്യാശയും കാണിച്ചുകൊടുത്തു (യോഹന്നാന്‍ 3:16; 8:10-11). മറ്റുള്ളവര്‍ക്കുവേണ്ടി നമുക്കും അതെങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയും?

ഉപവാസത്തിന്റെ ആന്തരികാര്‍ത്ഥം

വിശപ്പ് എന്റെ ഉള്ളിനെ കാര്‍ന്നു തിന്നു. ദൈവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഉപവാസം എന്ന് എന്റെ മെന്റര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പകല്‍ മുന്നോട്ടുപോയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു: യേശു എങ്ങനെയാണിത് നാല്‍പ്പത് ദിവസം ചെയ്തത്? സമാധാനത്തിനും ശക്തിക്കും ക്ഷമയ്ക്കുമായി പരിശുദ്ധാത്മാവില്‍ ആശ്രയിക്കാന്‍ ഞാന്‍ പണിപ്പെട്ടു. പ്രത്യേകിച്ചും ക്ഷമയ്ക്ക്.

നാം ശാരീരികമായി കഴിവുള്ളവരെങ്കില്‍, നമ്മുടെ ആത്മീകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാന്‍ ഉപവാസത്തിനു കഴിയും. യേശു പറഞ്ഞതുപോലെ, 'മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു'' (മത്തായി 4:4). എങ്കിലും ഞാന്‍ നേരിട്ടു പഠിച്ചതുപോലെ, ഉപവാസം അതില്‍ തന്നെ നമ്മെ ദൈവത്തോടടുപ്പിക്കയില്ല!

വാസ്തവത്തില്‍, ദൈവം ഒരിക്കല്‍ പ്രവാചകനായ സെഖര്യാവിലൂടെ തന്റെ ജനത്തോട് പറഞ്ഞത്, അവരുടെ ഉപവാസം ദരിദ്രരെ സേവിക്കുന്നതിലേക്ക് അവരെ നയിക്കാത്തതിനാല്‍ പ്രയോജന രഹിതമാണെന്നാണ്. 'എനിക്കുവേണ്ടിയോ നിങ്ങള്‍ ഉപവസിക്കുന്നത്?'' ദൈവം ചോദിച്ചു (സെഖര്യാവ് 7:5).

ദൈവത്തിന്റെ ചോദ്യം വെളിപ്പെടുത്തുന്നത് പ്രാഥമിക പ്രശ്‌നം അവരുടെ വയര്‍ അല്ലെന്നാണ്; അവരുടെ തണുത്തുറഞ്ഞ ഹൃദയമാണ് പ്രശ്‌നം. തങ്ങളെത്തന്നെ സേവിക്കുന്നതിലൂടെ, ദൈവഹൃദയത്തോട് അടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ അവന്‍ അവരെ നിര്‍ബന്ധിക്കുന്നത്, 'നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തന്‍ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കുകയും ചെയ്യുവിന്‍. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്'' (വാ. 9-10).

ഏത് ആത്മീയ ശിക്ഷണത്തിലും നമ്മുടെ ലക്ഷ്യം യേശുവിനോട് അടുക്കുന്നതായിരിക്കേണം. അവന്റെ സാദൃശ്യത്തില്‍ നാം വളരുമ്പോള്‍, അവന്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയും ഒരു ഹൃദയം നമുക്കുണ്ടാകും.